ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കാപ്പാ നിയമ പ്രകാരം കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി.
കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പെരിങ്ങാല വില്ലേജിൽ ദേശത്തിനകം മുറിയിൽ ഷെഫീക്ക് മൻസിലിൽ കബീർ കുട്ടി മകൻ ഓതറ ഷെഫീക്ക് എന്നു വിളിക്കുന്ന ഷെഫീക്കിനെ (36) ആണ് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. 2024 ഓഗസ്റ്റ് മാസം ഇയാളെ കാപ്പാ നിയമപ്രകാരം ആറ് മാസക്കാലം കരുതൽ തടങ്കലിലാക്കിയിരുന്നു. അതിന് ശേഷം ഇയാൾ ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ പിടിച്ചു പറി കേസിലും കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വീടു കയറി ആക്രമണം നടത്തിയ കേസിലും പ്രതിയായത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ ഊർജ്ജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.