
വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവര്‍ച്ച ചെയ്ത് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും
തനിച്ച് താമസിച്ചിരുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം നടത്തുകയും സ്വർണ്ണാഭരണങ്ങളും പണവും കവരുകയും ചെയ്ത കേസിൽ പ്രതിക്ക് 37 വർഷം കഠിനതടവും, ഒരു വർഷം സാധാരണ തടവും , പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ടല്ലൂർ തെക്ക് കാട്ടുപറമ്പിൽ സുധാലയം വീട്ടിൽ ധനീഷ് കുമാറിനെയാണ് (31) കോടതി ശിക്ഷിച്ചത്. 24-08-2024 തിയതി രാത്രി 10:00 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറി മുഖത്തേക്ക് മുളകുപൊടി വിതറി കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. മൂന്ന് പവന്റെ സ്വർണ്ണമാല, ഒരു പവൻ വീതമുള്ള 3 സ്വർണ്ണ വളകൾ, അരപ്പവൻ വീതമുള്ള സ്വർണ്ണ മോതിരം കമ്മല്‍ എന്നിവ പ്രതി വലിച്ച് പറിച്ചെടുത്തു. കൂടാതെ 2000 രൂപയും ഫോണും കവർന്ന പ്രതി, വൃദ്ധയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് കടന്നുകളയുകയായിരുന്നു. കനകക്കുന്ന് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി III ജഡ്ജി പൂജ പി.പി. ആണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി മാവേലിക്കര അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ. സജി കുമാർ ഹാജരായി. കനകക്കുന്ന് സബ് ഇന്‍സ്പെക്ടര്‍ ധര്‍മ്മരത്നം രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഐ.എസ്.എച്ച്.ഒ അരുൺ എസ്. അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. SCPO ജിതേഷ് മോന്, ASI സീതമ്മ, CPO അനീഷ, എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സീനിയർ CPO സുരേഷ് ബാബു പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.