
*ആലപ്പുഴയിൽ മദ്യപാനത്തിനിടെ തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു*
ആലപ്പുഴ ചുങ്കത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു.
ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിളപറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് (ഉണ്ണി-33) ആണ് മരിച്ചത്.
സംഭവത്തിൽ ആലപ്പുഴ സക്കറിയ ബസാർ സ്വദേശി അഫ്സലിനെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്താണ് സംഭവം.
ആന്റണിയും അഫ്സലും ഒന്നിച്ചിരുന്ന് മദ്യപിച്ചുവെന്നാണ് വിവരം.
ഇതിനിടെയുണ്ടായ തർക്കത്തിന് പിന്നാലെ ആന്റണി കല്ലെടുത്ത് അഫ്സലിന്റെ ദേഹത്തേക്ക് എറിഞ്ഞു.
ഇതിൽ പ്രകോപിതനായ അഫ്സൽ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു.
രാത്രിയിലായതിനാൽ പരിക്കേറ്റ ആന്റണി പരിസരത്തുനിന്ന് പോയില്ല.
ശനിയാഴ്ച പുലർച്ച 6.10ന് വഴിയിലൂടെ എത്തിയവരുമായി സംസാരിച്ചതായും നാട്ടുകാർ പറയുന്നു.
സമീപത്തെ മാടക്കട തുറക്കാനെത്തിയ ആളാണ് പറമ്പിൽ ഒരാൾ കിടക്കുന്നത് കണ്ടത്.
തുടർന്ന് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു.
ഫയർഫോഴ്സ് സ്ഥലത്തെത്തി ആന്റണിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.