
വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന കേന്ദ്രത്തിൽ പോലീസ് പരിശോധന : 3 പേർ അറസ്റ്റിൽ
ആലപ്പുഴ നഗരത്തിൽ നിന്നും വാഹനങ്ങൾ മോഷ്ടിച്ച് മണ്ണഞ്ചേരിയിൽ എത്തിച്ച ശേഷം പൊളിച്ച് പാർട്ട്സ് ആയി വിൽപ്പന നടത്തുന്ന സംഘം പോലീസ് പിടിയിൽ. മണ്ണഞ്ചേരിയിലുള്ള മായാ ബസാർ എന്ന സ്ഥാപനത്തിലാണ് പോലീസ് പരിശോധന നടത്തുകയും സ്ഥാപന ഉടമയുടെ മകൻ അടക്കം 3 പേരെ പോലീസ് പിടികൂടിയത്. സ്ഥാപന ഉടമയായ അമീർ ഒളിവിൽപ്പോയിരിക്കുകയാണ്. ആലപ്പുഴ KSRTC ഭാഗത്തു വച്ച് കഴിഞ്ഞ ദിവസം കാണാതായ സ്‌കൂട്ടറിനെ പറ്റിയുള്ള അന്വേഷണത്തിലാണ് ഈ സംഘത്തെ കുറിച്ച് അറിവു ലഭിക്കുന്നത്. തുടർന്ന് മണ്ണഞ്ചേരി പോലീസും ആലപ്പുഴ സൗത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും മോഷണം പോയ സ്‌കൂട്ടറിൻ്റെ ഭാഗങ്ങൾ പിടിച്ചെടുക്കുകയും , സ്ഥാപന ഉടമയുടെ മകനായ അൽഫാസ് , പാതിരപ്പള്ളി പുന്നയ്ക്കൽ ബിനു, വട്ടയാൽ ഇല്ലിയ്ക്കൽ പുരയിടം അബ്‌ദുൾ സലാം എന്നിവരെ പോലീസ് പിടികൂടിയത്. മോഷണ വാഹനം ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അമീർ മോഷ്ടാക്കളിൽ നിന്നും നിസ്സാര തുകയ്ക്ക് വാഹനങ്ങൾ വാങ്ങി പൊളിച്ചു വിറ്റിരുന്നത്. വാങ്ങുന്ന വാഹനങ്ങൾ നിമിഷനേരം കൊണ്ട് പൊളിച്ചു പാർട്ട്സ് ആക്കുവാനായി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ജോലിക്ക് നിർത്തിയിരുന്നത്. മണ്ണഞ്ചേരിയിൽ വാഹനങ്ങളുടെ സെക്കൻ്റ് ഹാൻഡ് പാർട്ട്സുകൾ വിൽപ്പന നടത്തുന്ന മായാ ബസാർ എന്ന സ്ഥാപനത്തിൻ്റെ മറവിലാണ് മോഷണ വാഹനങ്ങൾ അമീർ വാങ്ങിയിരുന്നത്. ആലപ്പുഴയിൽ നിന്നും കാണാതായ വാഹനങ്ങളുടെ ലിസ്റ്റ് എടുത്ത് ഈ സ്ഥാപനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സൗത്ത് പോലീസ് സ്‌റ്റേഷൻ ISHO V.S. വിനീഷ് അറിയിച്ചു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിൽ സൗത്ത് ISHO V.S വിനീഷിനൊപ്പം പ്രിൻസിപ്പൾ SI അനന്തകൃഷ്ണൻ, SI റിച്ചാർഡ് ജെയിംസ്, ASI രതീഷ് ബാബു, SCPO ബിജു VG, CPO മാരായ അരുൺ G ഡെവിൻ ചന്ദ്, നിഗിൽ എന്നിവരും ഉണ്ടായിരുന്നു.
#allapuzhavarthakal
#carpas
#PoliceInvestigation